ആലുവ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകം: രമേശ് ചെന്നിത്തല

Latest News

തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തില്‍ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമര്‍ശനം വ്യാപകമാവുന്നതിനിടെയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കാനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആലുവയിലെ കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ വന്‍ രാഷ്ട്രീയ പോരാണ് ഉടലെടുത്തിരിക്കുന്നത്. പരസ്പരം പഴിചാരി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള വിവിധ പാര്‍ട്ടികളുടെ മാര്‍ച്ചുകള്‍ ഇന്ന് നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചാണ് ഇടത് മുന്നണിയുടെ നഗരസഭയിലേക്കുള്ള മാര്‍ച്ച്.
അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്പി ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവയില്‍ കുട്ടിയുടെ സംസ്കാര ചടങ്ങുകളില്‍ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ലെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് പ്രതിഷേധ മാര്‍ച്ചും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *