ആലുവയിലെ കുഞ്ഞിന്‍റെ കുടുംബത്തെ വഞ്ചിച്ചവര്‍ക്കെതിരെ കടുത്ത നടപടി :മന്ത്രി രാജീവ്

Top News

കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. നടപടി അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും പി.രാജീവ് കൂട്ടിച്ചേര്‍ത്തു.
ആലുവയിലെ മഹിള കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് മുനീര്‍ ആണ് ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തിന് ലഭിച്ച സഹായധനത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയത്. സംഭവം പുറത്തായത്തിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്നു മാധ്യമങ്ങളോട് പറയാന്‍ മുനീര്‍ കുട്ടിയുടെ അച്ഛനെ സമീപിച്ചു. കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നല്‍കിയാണ് മുനീര്‍ നാണക്കേടില്‍ നിന്ന് തലയൂരിയത്.
ക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടലിലൂടെ കടന്നുപോകുന്ന കുടുംബത്തെയാണ് മുനീര്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി വഞ്ചിച്ചത്. പലകാരണങ്ങള്‍ പറഞ്ഞ് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതം മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ അച്ഛനില്‍ നിന്ന് മുനീര്‍ വാങ്ങിയത്. പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുടുംബം പരാതിയുമായി നേതാക്കളെ സമീപിച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ആണ് പരാതിയുമായി രംഗത്ത് വന്നത്.
വാര്‍ത്ത പുറത്ത് വന്നതോടെ മുനീര്‍ എല്ലാം നിഷേധിച്ചു. പിന്നീട് വാര്‍ത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചു. പക്ഷെ കുട്ടിയുടെ ഈ ആവശ്യം അച്ഛന്‍ തള്ളി.
സംഭവത്തെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു . പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *