ആറ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി

Latest News

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്

. 20 വര്‍ഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഇല്ല

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി. ഇവര്‍ക്ക് 20 വര്‍ഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഇല്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവര്‍ക്ക് ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.ഒന്നാം പ്രതിയായ എം.സി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ് , അഞ്ചാം പ്രതി കെ.കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ.സി രാമചന്ദ്രന്‍, പത്താം പ്രതി കെ.കെ കൃഷ്ണന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവര്‍ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം.
കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ പിഴയായി നല്‍കണം. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11 -ാം പ്രതിയുടെയും ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. ശിക്ഷാവിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ വാദം നടന്നു.പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാന്‍ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷ ഉയര്‍ത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാന്‍ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍ രണ്ട് പ്രതികള്‍ക്ക് അനുകൂല ഘടകങ്ങള്‍ ആണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ വധശിക്ഷ നല്‍കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പക്ഷം. പ്രോബേഷണറി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തന സാധ്യത ഇല്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശിക്ഷ ഉയര്‍ത്താന്‍ ശക്തമായ കാരണം വേണം. ഈ കേസില്‍ അത്തരം കാരണം ഇല്ല. ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തുന്നത് അപൂര്‍വമാണ് അതിന് ശക്തമായ കാരണം വേണം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്നും ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *