തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് കേരള വാട്ടര്‍ അതോറിറ്റി, ജലവിതരണത്തിലും മലിനജലനിര്‍മാര്‍ജനത്തിനും പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കി.അടിയന്തര ആവശ്യങ്ങള്‍ക്കും പരാതിപരിഹാരത്തിനുമായി കണ്‍ട്രോള്‍ റൂമുകളും തുറന്നു. നഗരത്തില്‍ പൊങ്കാല നടക്കുന്ന പ്രദേശത്ത് ഓവര്‍ ഹെഡ് ടാങ്കുകള്‍ പ്രത്യേകമായി സജ്ജീകരിച്ച്, 24 മണിക്കൂറും കൂടുതലായി വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി മുന്‍കൂട്ടി നിറച്ചിട്ടുണ്ട്.
ഇതിനായി അരുവിക്കര നിന്നും താല്‍ക്കാലിക അധിക ജലം പമ്ബ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. പൊങ്കാല പ്രദേശത്ത് 1350 അധിക കുടിവെള്ള ടാപ്പുകളും അമ്പതോളം ഷവറുകളും താല്‍ക്കാലികമായി ഘടിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ മൂന്നു ടാങ്കുകള്‍ മുഴുവന്‍ സമയവും സജ്ജമാക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറി വെന്‍ഡിങ് പോയിന്‍റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഐരാണിമുട്ടത്ത് പ്രത്യേക വെന്‍ഡിങ് പോയിന്‍റ് പുതുതായി സജ്ജമാക്കിയിട്ടുമുണ്ട്.