തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം എത്തും. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴിന് ആറ്റുകാലിലും പരിസരത്തും സുരക്ഷക്കായി ‘സ്പോട്ടര്‍’ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരാണ് എത്തുക.പൊങ്കാല ദിവസമുണ്ടാവുന്ന തിരക്കിനിടെ കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേരള പൊലീസ് തമിഴ്നാട് പൊലീസിന്‍റെ സഹായം തേടിയത്. തമിഴ്നാട്ടില്‍ നിന്നും ഇവിടേക്കെത്തുന്ന സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാന്‍ സ്പോട്ടര്‍ പൊലീസിനാവുമെന്നതിനാലാണ് തീരുമാനം. കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായാണ് പൊങ്കാലക്ക് സുരക്ഷയൊരുക്കുക.
കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുറ്റവാളികളുടെ ചിത്രങ്ങള്‍ തമിഴ്നാട് പൊലീസില്‍ നിന്ന് ശേഖരിച്ച് അമ്പലത്തില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഭക്തര്‍ക്ക് തിരിച്ചറിയാനായി കുറ്റവാളികളുടെ ചിത്രങ്ങളും ആറ്റുകാലിലും പരിസരത്തും സ്ഥാപിക്കും.
ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും ഭക്തരുടെ സുരക്ഷക്കും പൊലീസ് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കും.
ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ കര്‍ശനമായ പരിശോധന നടത്തും. പൊങ്കാല ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെയാണ് നിയമിച്ചിരിക്കുന്നത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടക്കുന്നത്.