തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും. അന്ന് രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം നെടുമുടി വേണുവിന് നല്‍കും. കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിക്കും.
കൊവിഡ് ഭീഷണി സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകള്‍. ഫെബ്രുവരി 27നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്നും പൊങ്കാല നേദിക്കാന്‍ ക്ഷേത്രത്തില്‍ നിന്നും ശാന്തിമാരുണ്ടാകില്ലെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.