ഇരിട്ടി:ആറളം ഫാമില്‍ കാട്ടാനശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മാണം നാളെ തുടങ്ങും. രാവിലെ 10.30ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും.
നേരത്തെ 10 കിലോമീറ്റര്‍ ദൂരത്ത് ആനമതില്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍, ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിരിടുന്ന വളയംചാല്‍ മുതല്‍ പൊട്ടിച്ചിറപാറ വരെയുള്ള 10.5 കിലോമീറ്റര്‍ ദൂരത്ത് മതില്‍ കെട്ടാനായിരുന്നു ബാക്കിയുണ്ടായിരുന്നത്.
വന്യമൃഗശല്യം രൂക്ഷമായതോടെ ആറളത്ത് മന്ത്രിതല യോഗം ചേര്‍ന്നാണ് മതില്‍ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് 53,23,40,000 രൂപയുടെ ഭരണാനുമതി നല്‍കി.
നിലവിലെ മതില്‍ മുഴുവനും പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിക്കുക. ചെങ്കുത്തായ ഇറക്കങ്ങളില്‍ റെയില്‍ ഫെന്‍സിങ്ങും ചതുപ്പു പ്രദേശങ്ങളില്‍ കോക്കനട്ട് പൈലിങ് ചെയ്ത് അതിനു മുകളില്‍ മതിലും നിര്‍മിക്കും. ജനവാസ കേന്ദ്രങ്ങളില്‍ കയറിയ ആനകളെ തിരികെ കാട്ടിലെത്തിക്കാന്‍ ഉരുപ്പുകുന്ന് ഭാഗത്ത് ഗേറ്റും സ്ഥാപിക്കും. ആദ്യ റീച്ചിലെ പരിപ്പ്തോട് മുതല്‍ പൊട്ടിച്ചിറപ്പാറവരെയുള്ള 2.5 കിലോമീറ്ററിലെ മരം മുറിക്കല്‍ പ്രവൃത്തി ആരംഭിച്ചു. മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയ 390ഓളം മരങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി 21 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നു. ലേലം ചെയ്യേണ്ട 390 മരങ്ങളില്‍ 80 ശതമാനത്തോളം പാഴ് മരങ്ങളായതിനാല്‍ ലേലത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യല്‍ ഫോറസ്ട്രി നിര്‍ണയിച്ച 21 ലക്ഷം രൂപക്ക് ലേല നടപടികള്‍ വൈകാനുള്ള സാധ്യതയും കണക്കിലെടുത്തു ടിആര്‍ഡിഎം പുതിയ മരം മുറിക്കല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയാണ് പ്രവൃത്തിചെയ്തത്. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ കൂപ്പ് റോഡും നിര്‍മിക്കും. തൊഴിലാളികളുടെ സുരക്ഷയ്ക്കായി വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സേവനം ഉണ്ടാകും. ആദ്യ റീച്ചില്‍ മതില്‍ നിര്‍മിതി തുടങ്ങുന്ന മുറക്ക് രണ്ടും മൂന്നും റീച്ചുകളിലെ മരങ്ങളും മുറിച്ച് അട്ടിയിടാനാണ് തീരുമാനം.ഫാം സൈറ്റ് മാനേജര്‍, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ആറളം ഫാം പുനരധിവാസ മേഖലയില്‍ ആനമതില്‍ നിര്‍മിക്കുന്നതോടെ പ്രദേശത്തുള്ളവര്‍ക്ക് ആനപ്പേടിയില്ലാതെ അന്തിയുറങ്ങാം. ഫാമില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നടത്തും. മാവേലി സ്റ്റോറുകള്‍, രണ്ട് യുപി സ്കൂള്‍ കെട്ടിടങ്ങള്‍, രണ്ട് പാലങ്ങള്‍ തുടങ്ങി കോടികളുടെ നിര്‍മാണ പ്രവൃത്തികളാണ് പൂര്‍ത്തിയായത്.