പട്ന: ബിഹാറിലെ എന്‍.ഡി.എ മുന്നണിയില്‍ പൊട്ടിത്തെറി. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടിക്ക് (ആര്‍.എല്‍.ജെ.പി ) സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതി പരസ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രിയായ പശുപതി പരസ് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍റെ സഹോദരനാണ്.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിസമര്‍പ്പിച്ചെന്നും തന്‍റെ പാര്‍ട്ടിയോട് സീറ്റ് പങ്കുവയ്ക്കലില്‍ അനീതി കാണിച്ചെന്നും പശുപതി പരസ് പ്രതികരിച്ചു. ഹാജിപ്പൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ചോദിച്ചിരുന്നെങ്കിലും ഒരു സീറ്റ് പോലും രാഷ്ട്രീയ ലോക് ജനശക്തിക്ക് നല്‍കാന്‍ ബി.ജെപി. തയ്യാറായില്ല. പശുപതി പരസ് പറഞ്ഞു. ബിഹാറില്‍ ബി.ജെ.പി. 17 സീറ്റിലും ജെ.ഡി.യു. 16 സീറ്റിലും ചിരാഗ് പസ്വാന്‍റെ എല്‍.ജെ.പി. അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും.
അതിനിടെ പശുപതി പരസുമായി സംസാരിച്ച് വരികയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന് സാമ്രാട്ട് ചൗധരി പ്രതികരിച്ചു. ഇതിനിടെ പശുപതി പരസ് ബിഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.