പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റമില്ല
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും.തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരുന്നത്. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. 3.35 ശതമാനത്തില്‍ തന്നെ റിവേഴ്സ് റിപ്പോ നിരക്കും തുടരും. ഇത് ആദ്യ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ബൈ മന്ത്ലി നയമാണ്. റിപ്പോ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പണം വായ്പയായി നല്‍കാറുള്ളത്.
റിവേഴ്സ് റിപ്പോ നിരക്കിലാണ് ആര്‍ബിഐ പണം കടമെടുക്കുക. 2020 മെയ് മാസം മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് വളരെ കുറവായിട്ടാണ് നിലനിര്‍ത്തുന്നത്. ആളുകളിലേക്ക് കൂടുതല്‍ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
അതിലൂടെ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ ആര്‍ബിഐ വ്യക്തമാക്കിയതാണ്. പണപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനത്തിനിടയില്‍ കൊണ്ടുവരണമെന്ന് റിസര്‍വ് ബാങ്കിനോട് നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.റീട്ടെയില്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു.
ആര്‍ബിഐക്ക് ലഭിച്ച ടാര്‍ഗറ്റിന് മുകളില്‍ പോയിരുന്നു ഈ നിരക്ക്. സമ്പദ് ഘടന പുതിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒമിക്രോണ്‍ തരംഗവും, മേഖലയിലെ സംഘര്‍ഷങ്ങളും പുതിയ വെല്ലുവിളിയിലേക്ക് സമ്പദ് ഘടനയെ എത്തിച്ചിരിക്കുകയാണ്. യുക്രൈന്‍-റഷ്യ യുദ്ധവും സമ്പദ് ഘടനയെ പ്രതിസന്ധിയിലേക്ക് തള്ളിയിടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
റീട്ടെയില്‍ പണപ്പെരുപ്പം ഇത്തവണ 5.7 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. റിയല്‍ ജിഡിപി 7.2 ശതമാനവും പ്രതീക്ഷിക്കുന്നതായി ദാസ് വ്യക്തമാക്കി.