നിലമ്പൂര്‍:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. ഇന്നലെ രാവിലെ 7.40 ന് കോഴിക്കോട്ടായിരുന്നു അന്ത്യം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദില്‍. മൃതദേഹംഇന്നലെ നിലമ്പൂരിലെ വീട്ടില്‍ എത്തിച്ചു. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധി വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കെ. സി വേണുഗോപാല്‍,രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരും രാഹുലിനൊപ്പമു ണ്ടായിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും അന്ത്യാഞ്ജലി അര്‍പ്പിച്ചു.വൈകിട്ട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നട്ടെല്ലുള്ള നേതാവേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി.ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ നേതാവിനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി.
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ ആന്‍റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ. റിയാസ് അലി (പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.
ആര്യാടന്‍ ഉണ്ണിന്‍ന്‍റെയും കദിയുമ്മയുടെയും മകനായി 1935 ല്‍ ആണ് ജനനം.നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു.ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ചു. 1959 ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്,1960 ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറി,1962 ല്‍ കെപിസിസി അംഗമായി. 1969ല്‍ മലപ്പുറം ഡിസിസി പ്രസിഡന്‍റ്. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
മതനിരപേക്ഷ ഉയര്‍ത്തിപ്പിടിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. തന്‍റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മികവു പുലര്‍ത്തിയിരുന്നു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച പശ്ചാത്തലം ആര്യാടന്‍ മുഹമ്മദിനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രഗത്ഭനായ പാര്‍ലമെന്‍റെറിയനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അനുസ്മരിച്ചു.
ആര്യാടന്‍ മുഹമ്മദിന്‍റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുശോചിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍ എന്ന നിലയിലും മതനിരപേക്ഷത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു.
സ്പീക്കര്‍ പറഞ്ഞു.പ്രഗല്ഭനായ പാര്‍ലമന്‍ററിയനും നിയമസഭയില്‍ തന്‍റെ ഗുരുനാഥനുമാണ് ആര്യാടന്‍ മുഹമ്മദ് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു