മുംബൈ: നടന്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മുംബൈ ആഢംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടന്നായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.ഏജന്‍സിയിലെ എട്ട് ഉദ്യോഗസ്ഥര്‍ കേസില്‍ സംശയാസ്പദമായ നിലയില്‍ ഇടപെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ മേയില്‍ കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയ എന്‍.സി.ബി, ആര്യന്‍ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായ ആറു പേര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ആര്യന്‍ ഖാന്‍ കേസ് കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്യായ ഇടപെടല്‍ നടന്നോ എന്ന് അന്വേഷിക്കാന്‍ എന്‍.സി.ബി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത അധികൃതര്‍ക്ക് കൈമാറിയത്. കേസ് അന്വേഷണത്തില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായും അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധി സംശയനിഴലിലാണെന്നും ഏന്‍ജിസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി 65 പേരുടെ മൊഴിയെടുത്തു. ഇതില്‍ പലരും മൊഴികള്‍ ഒന്നിലധികം തവണ മാറ്റി പറഞ്ഞു. മറ്റു കേസുകളിലും വീഴ്ചയുണ്ടാതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു-എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംശയനിഴലിലുള്ളത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ബന്ധപ്പെട്ടവര്‍ അനുമതി തേടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.24കാരനായ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 20 പേരായിരുന്നു കേസിലെ പ്രതികള്‍. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ അറസ്റ്റ് ചെയ്തത്.