അമരാവതി: ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായി(ടിഡിപി) രഹസ്യ സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടനും ജനസേന പാര്‍ട്ടി തലവനുമായ പവന്‍ കല്യാണ്‍.
ടിഡിപിയുമായി 20 സീറ്റുകളില്‍ ജനസേന രഹസ്യധാരണയില്‍ എത്തിയെന്നും ഇതിനായി ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി 1,000 കോടി രൂപയുടെ കരാറില്‍ താന്‍ ഏര്‍പ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ ‘പവര്‍സ്റ്റാര്‍’ നിഷേധിച്ചു.
കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോയ ചരിത്രമാണ് ജനസേനയ്ക്ക് ഉള്ളതെന്നും അപ്പോഴൊന്നും നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും കല്യാണ്‍ പറഞ്ഞു.
25 വര്‍ഷത്തെ പദ്ധതി തയാറാക്കി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് ജനസേന. 2019-ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റങ്കെിലും തന്‍റെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. താന്‍ കൂടി ഉള്‍പ്പെടുന്ന കപു സമുദായം പുരോഗതി അര്‍ഹിക്കുന്നുണ്ടെന്നും ഇതിനായി പരിശ്രമിക്കുമെന്നും കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.