തിരുവനന്തപുരം: ആരായാലും കോണ്‍ഗ്രസില്‍ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ശശിതരൂര്‍ എം. പി ഇന്നലെ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ പശ്ചാത്തലത്തിലാണ് സതീശന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
തകര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്നുവരുമ്പോള്‍ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും അജണ്ടകളുണ്ട്. അതിനെ നേരിടും. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സമ്മതിക്കില്ല. നേതാക്കന്മാരെയും ഉള്‍പ്പെടുത്തി എല്ലാവരും ഒരു ടീമായാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. എല്ലാ നേതാക്കന്മാര്‍ക്കും കേരളത്തില്‍ പ്രാധാന്യമുണ്ട്. പക്ഷെ ഒരു തരത്തിലും വിഭാഗീയ പ്രവര്‍ത്തനമോ സമാന്തര പ്രവര്‍ത്തനമോ നടത്താന്‍ അനുവദിക്കില്ല.
മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല ഞങ്ങള്‍ ആരും. മാധ്യമങ്ങളെല്ല ഞങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത്. സുധാകരന്‍റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
