ചെന്നൈ: ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്‍റെ ജില്ലാ ഭാരവാഹികളുമായി ചെന്നൈയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിലാണ് 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികളെ വിജയ് നേരിട്ടുകണ്ടത്.
വിദ്യാര്‍ത്ഥികളെ ആദരിച്ച ചടങ്ങിന് ശേഷം ഈ ഭാരവാഹികളുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. 2026 ലെ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ പാര്‍ട്ടി രംഗത്തുണ്ടാകുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച .വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിജയ് ഇടവേള എടുത്തേക്കുമെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം ദീപാവലി റിലീസായാണ് ഈ ചിത്രം പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.