ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രാജ്യത്തെ ആരോഗ്യപരിപാലനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തുന്ന പ്രയത്നം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍വച്ചാണ് ആയുഷ്മാന്‍ ഭരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തിലാണ് ഡിജിറ്റല്‍ മിഷനിലേക്കു കടക്കുന്നതെന്നും ശ്രദ്ധേയമാണ്.
ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആറു കേന്ദ്രഭരണപ്രദേശങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
എല്ലാവരുടെയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും അതിനു സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് എല്ലാ പൗരന്‍മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. യുണീക് ഹെല്‍ത്ത് ഐഡി(യു.എച്ച്.ഐ.ഡി) മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെയായിരിക്കും ആരോഗ്യരേഖകളുമായി ബന്ധിപ്പിക്കുന്നത്.
ആരോഗ്യപരിപാലന സേവനങ്ങള്‍ക്കായി 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. മൊബൈല്‍ നമ്പര്‍, ജനനത്തീയതി, വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഹെല്‍ത്ത് ഐഡി രജിസ്ട്രേഷനായി നല്‍കേണ്ടത്.