തിരുവനന്തപുരം : ആയുര്‍വേദത്തിന്‍റെ പ്രാധാന്യം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. യു.കെ സന്ദര്‍ശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തില്‍ നിന്നുളള ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 23 ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ആയുര്‍വേദ കോളേജും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുര്‍വേദ എക്സിബിഷന്‍ ഉദ്ഘാടനം ആയുര്‍വേദ കോളേജ് ക്യാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആയൂര്‍വേദ ചികിത്സ, ഗവേഷണം എന്നിവയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുര്‍വേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ആയുര്‍വേദത്തിന്‍റെ പ്രാധാന്യം എക്കാലവും നിലനില്‍ക്കുമെന്നും വിദേശികളടക്കം ചികിത്സയ്ക്കായി കേരളത്തിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തുന്നത് ഇതിന്‍റെ തെളിവാണെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ആന്‍റണി രാജു പറഞ്ഞു.ആയുര്‍വേദവുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളും ഉള്‍ക്കൊള്ളുന്നതാണു മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം. ‘അമൃതം 2022’ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പുറമെ ഔഷധ സസ്യ വിതരണം, രോഗനിര്‍ണയ ക്യാമ്പുകള്‍, പൊതുജനാരോഗ്യ ബോധവതക്കരണ ക്യാമ്പുകള്‍, സ്കൂള്‍ കോളേജ്തല ആരോഗ്യ പരിപാടികള്‍ തുടങ്ങിയവയും ദിനാചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2016 മുതലാണ് ധന്വന്തരീ ജയന്തി ആയുര്‍വേദ ദിനമായി ആചാരിക്കാന്‍ തുടങ്ങിയത്.
ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുനിത ജി ആര്‍, കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍ നിമല്‍രാജ്, എ.കെ.ജി.എസി.എ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ് ശിവകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സജി പി ആര്‍, അമൃതം 2022 ജനറല്‍ കണ്‍വീനര്‍ ഡോ. സജിത ഭദ്രന്‍ , പി.ജി.എസ്.എ സെക്രട്ടറി അര്‍ജുന്‍ വിജയ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്.പി വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു.