മുംബൈ: അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ സമ്മാനത്തുക പരിഷ്കരിച്ച് ബിസിസഐ. പുരുഷ, വനിതാ ടൂര്‍ണമെന്‍റുകളുടെ ജേതാക്കള്‍ക്കും റണ്ണറപ്പുകള്‍ക്കുമുള്ള സമ്മാനത്തുകയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.രഞ്ജി ട്രോഫി ജേതാക്കള്‍ക്കുള്ള സമ്മാനത്തുക രണ്ട് കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയര്‍ത്തി. റണ്ണറപ്പ് ടീമിനുള്ള തുക ഒരു കോടി രൂപയില്‍ നിന്ന് മൂന്ന് കോടി രൂപയായി ഉയര്‍ത്തിയപ്പോള്‍ സെമിയില്‍ പരാജയപ്പെട്ടവര്‍ക്ക് ഒരു കോടി രൂപയും ലഭിക്കുന്ന രീതിയിലാണ് പരിഷ്കാരം.
വിജയ് ഹസാരെ ഏകദിന ട്രോഫി ജേതാക്കള്‍ക്കും റണ്ണറപ്പിനും യഥാക്രമം ഒരു കോടി രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. നേരത്തെ, 30 ലക്ഷം,15 ലക്ഷം എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. സയിദ് മുഷ്താഖ് അലി ട്വന്‍റി -20 ടൂര്‍ണമെന്‍റിലെ ജേതാക്കള്‍ക്ക് 80 ലക്ഷം രൂപയാണ് ഇനി സമ്മാനത്തുക. റണ്ണറപ്പിനുള്ള സമ്മാത്തുക 10 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തി.
സീനിയര്‍ വനിതാ ടൂര്‍ണമെന്‍റുകള്‍ക്കുള്ള സമ്മാത്തുകയും ഉയര്‍ത്തിയിട്ടുണ്ട്. ഏകദിന ജേതാക്കള്‍ക്ക് നല്‍കിയിരുന്ന ആറ് ലക്ഷം രൂപ എന്ന നിസാര തുകയില്‍ നിന്ന് മാറി 50 ലക്ഷത്തിലേക്ക് സമ്മാനത്തുക എത്തിയിട്ടുണ്ട്. റണ്ണറപ്പിന് ലഭിച്ചിരുന്ന തുക മൂന്ന് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി.
സീനിയര്‍ വനിതാ ട്വന്‍റി -20 ജേതാക്കള്‍ക്കും റണ്ണറപ്പിനും ലഭിച്ചിരുന്ന അഞ്ച് ലക്ഷം, മൂന്ന് ലക്ഷം എന്നീ തുകകള്‍ 40 ലക്ഷം രൂപ, 20 ലക്ഷം രൂപ എന്നിങ്ങനെയായി പരിഷ്കരിച്ചിട്ടുണ്ട്.