ആന്ധ്രയിലെ ഡാമില്‍ വിള്ളല്‍; 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Top News

തിരുപ്പതി: ആന്ധ്രപ്രദേശിലെ പ്രസിദ്ധമായതും 500 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഇത് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണ്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച കണ്ടെത്തിയത്.ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. സമീപകാലത്തായി ആദ്യമായിട്ടാണ് ജലസംഭരണിയിലേക്ക് ഇത്രയധികം വെള്ളത്തിന്‍റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നത്.
കനത്ത മഴയാണ് ഇതിന് കാരണം. ഇതിനിടെ ജലസേചന വകുപ്പ് അധികൃതര്‍ ജലസംഭരണിയുടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തകരാര്‍ പരിഹരിച്ചാലും ബണ്ട് ഇനി ഉപയോഗിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജലസംഭരണി അപകടാവസ്ഥയിലാണ് എന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. അതേസമയം, ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പതായി ഉയര്‍ന്നിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്ബതോളം പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *