കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.വെറുമൊരു ആത്മഹത്യക്കേസായി വിശ്വനാഥന്‍റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലൈ പിഴവുകള്‍ പരിഹരിക്കണമെന്നും എസ്.സി, എസ്.ടി കമ്മിഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് നടപടി. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയ പൊലീസ് എഫ്.ഐ.ആറില്‍ മാറ്റം വരുത്തി.
എസ്.സി എസ്.ടി കമ്മിഷന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ഡി.സി.പി തന്നെ അന്വേഷണം ഏറ്റെടുത്തിരുന്നു, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേര്‍ ചുറ്റും കൂടി നില്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കല്പറ്റയിലെ വിശ്വനാഥന്‍റെ വീട്ടിലെത്തിയ എസ്.സി, എസ്. ടി കമ്മിഷന്‍ ബി.എസ്. മാവോജി കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.