ആട്ടിന്‍പാല്‍ കുടിച്ച് അമ്മയെ കാത്ത് പുലിക്കുഞ്ഞ്; വലഞ്ഞ് വനംവകുപ്പും

Latest News

പാലക്കാട് ഉമ്മിനിയില്‍ നിന്നും ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പുലിക്കുഞ്ഞിനെ കണ്ടെത്തിയതോടെ ധര്‍മ്മ സങ്കടത്തിലായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍.രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി കൊണ്ടു പോയെങ്കിലും ഒരു കുഞ്ഞ് ഇപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യിലാണ്. കഴിഞ്ഞ ദിവസവും പുലിക്കുഞ്ഞുമായി സ്ഥലത്ത് അധികൃതര്‍ വന്നെങ്കിലും അമ്മപ്പുലിയെ കണ്ടെത്താനായില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടി കുഞ്ഞുങ്ങളെയും പുലിയെയും കാട്ടിലേക്ക് തുറന്നു വിടുക, അല്ലെങ്കില്‍ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി കൊണ്ടു പോവാന്‍ അവസരമൊരുക്കുക എന്നീ പദ്ധതികളായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്. എന്നാലിത് രണ്ടും പാളി. അമ്മപ്പുലിയെ പിടികൂടാനായില്ല. കുഞ്ഞുങ്ങളെ കണ്ട പുലി കൂട്ടില്‍ കയറാതെ അവയിലൊന്നിനെ കൈ കൊണ്ട് നീക്കിയെടുത്ത് സ്ഥലം വിട്ടു. രണ്ടാമത്തെ കുഞ്ഞ് ബാക്കിയായി. ഇതിനെ കൊണ്ടു പോവാന്‍ പുലിയെത്തിയില്ല. സ്ഥലത്തെ ബഹളവും മറ്റും കണ്ട് പുലി വീണ്ടും വരാഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ കുഞ്ഞുമായി വീണ്ടും സ്ഥലത്ത് കൂട് വെച്ചെങ്കിലും അമ്മപ്പുലി എത്തിയില്ല.
പതിനഞ്ച് ദിവസത്തോളം പ്രായമുള്ള പുലിക്കുഞ്ഞാണ് നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. അമ്മപ്പുലിയെ സാന്നിധ്യം വേണ്ട ഇതിനെ പരിപാലിക്കുകയെന്നതിലും ആശങ്കയുണ്ട്. ആട്ടിന്‍പാലും മരുന്നുകളുമായിരുന്നു പുലിക്കുഞ്ഞുങ്ങള്‍ക്ക് കണ്ടെത്തിയ അന്ന് മുതല്‍ നല്‍കിയിരുന്നത്. അമ്മപ്പുലി വീണ്ടും തന്‍റെ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് പുലിക്കുഞ്ഞിന്‍റെ ഉത്തരവാദിത്തം. ഇന്നലെ നാലാം ദിവസമാണ് അമ്മപുലിയ്ക്കായി അധികൃതര്‍ കെണിവെയ്ക്കുന്നത്. എന്നാല്‍ അതും പരാജയപ്പെടുകയായിരുന്നു. നേരത്തെ പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് കൂട്ടിലേക്ക് പുലിയെ പിടികൂടാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍ ബുദ്ധിമതിയായ അമ്മപ്പുലി കൂട്ടില്‍ നിന്നും തന്‍റെ കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തെക്കെടുത്ത് കടന്നു കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *