ആക്രമണം അഴിച്ച് വിട്ട് താലിബാന്‍; പഞ്ച്ശീര്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍

Top News

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീര്‍ പ്രവിശ്യ ആക്രമിച്ച് താലിബാന്‍. പഞ്ച്ശീര്‍ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് യു.എസ്. സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായി പിന്മാറുന്നത്. യു.എസ്. സൈന്യം പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം ഉണ്ടായത്. ഇപ്പോഴും താലിബാനെതിരെ ചെറുത്തു നില്‍പ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീര്‍. പഞ്ച്ശീര്‍ ഇനിയും താലിബാന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിരോധ സേനയ്ക്ക് നേതൃത്വം കൊടുക്കുന്ന അഹമ്മദ് മസൂദിന്‍റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. ഇരു വിഭാഗത്തില്‍ നിന്നുമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പഞ്ച്ശീര്‍ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച പഞ്ച്ശീര്‍ മേഖലയിലെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ താലിബാന്‍ വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്‍റ് അമറുളള സലേ വിവരങ്ങള്‍ കൈമാറുന്നത് തടയാനായിരുന്നു താലിബാന്‍റെ നടപടി. ഓഗസ്റ്റ് 15നാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്‍റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരേയുളള പോരാട്ടത്തിന് തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് നേരത്തെ തന്നെ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *