ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗിന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്. ഇന്നലെ പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
2012-22ലെ ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. . കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
നയരൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സി.ബി.ഐ കണ്ടെത്തി. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.
മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പുതിയ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിച്ചതിലൂടെ ഡല്‍ഹിയെ ലഹരിയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രതികാരമാണെന്നാണ് ആം ആദ്മിയുടെ നിലപാട്.