കായംകുളം: കറ്റാനത്തു വിവാഹ ശേഷം ആംബുലന്‍സില്‍ വധൂവരന്മാര്‍ വീട്ടിലേക്കു സൈറന്‍ മുഴക്കി യാത്ര ചെയ്ത സംഭവത്തില്‍ ആംബുലന്‍സ് ഉടമയ്ക്കും ഡൈവര്‍ക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മാവേലിക്കര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. സുബി, സി.ബി. അജിത് കുമാര്‍ , എംവിഐ ഗുരുദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാര്‍ ആഘോഷ പൂര്‍വം ആംബുലന്‍സില്‍ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നു.ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയര്‍ത്തിയത്. കറ്റാനം വെട്ടിക്കോട് സ്വദേശി മനു വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചല്‍ ആംബുലന്‍സാണ് വിവാഹ യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍, അത്യാഹിത സര്‍വീസിന് ഉപയോഗിക്കുന്ന ആംബുലന്‍സ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
കല്യാണ യാത്രയ്ക്ക് ആംബുലന്‍സ് ഉപയോഗിച്ചതു ശരിയായില്ല എന്ന വിമര്‍ശനം ഉയരുകയും പരാതി ലഭിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അത്യാഹിത സര്‍വീസ് ദുരുപയോഗം ചെയ്തതിനെതിരെ നടപടി യുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.