ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു

Top News

. അപകടം മാങ്കാവിനടുത്ത് മിംസ് ആശുപത്രിക്ക് സമീപം

കോഴിക്കോട്: മാങ്കാവിനു സമീപം മിംസ് ആശുപത്രിക്കടുത്ത് ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.
ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്സിംഗ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെടെ ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ പുലര്‍ച്ചെ 3.30 നാണ് അപകടമുണ്ടായത്. മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം. ട്രാന്‍സ്ഫോര്‍മറിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുയും ചെയ്തു.
ഇടിയേറ്റ് തീപിടിച്ച ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കോഴിക്കോട് ഇന്നലെ അര്‍ധരാത്രി മുതല്‍ കനത്ത മഴയായിരുന്നു. മഴയത്ത് ആംബുലന്‍സിന്‍റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *