ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ എഎപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനു പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിരിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെയാണ് പൊലീസ് നടപടി.
പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടാന്‍ ഡല്‍ഹി പൊലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.