അഹമ്മദാബാദ്: പീഡനപരാതിയില്‍ വിവാദ ആള്‍ദൈവം അസറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പത്ത് വര്‍ഷം മുന്‍പുള്ള പീഡനപരാതിയില്‍ ബാപ്പു കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പീഡനക്കേസുകളില്‍ കുറ്റാരോപിതനായ അസറാം ബാപ്പു നിലവില്‍ മറ്റൊരു പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്.
സൂറത്ത് സ്വദേശിയായ യുവതി 2003-ലാണ് ബാപ്പുവിനെതിരെ പീഡനപരാതി നല്‍കിയത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ആശ്രമത്തില്‍ വെച്ച് നടത്തിയ പീഡന പരമ്പരയുടെ പേരില്‍ സെക്ഷന്‍ 376 (സി), 377 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2013-ല്‍ 16-കാരിയെ പീഡിപ്പിച്ച കേസിലാണ് അസറാം ബാപ്പു നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്.