കാസര്‍ഗോഡ് ; അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെ വി അശ്വിന് നാടിന്‍റെ യാത്രമൊഴി.വായനശാലയിലെ പൊതുദര്‍ശനത്തിനു ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചെറുവത്തൂര്‍ 19ാം വയസില്‍ ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായാണ് അശ്വിന്‍ സൈന്യത്തില്‍ പ്രവേശിച്ചത്.ഓണാഘോഷത്തിനായി നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുമ്പാണ് മടങ്ങിയത്. അതേസമയം അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സൈന്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.അപകടത്തിന് തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റില്‍ നിന്നും കിട്ടിയത്. ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്റ്റര്‍ പറന്നുയരുമ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നു.