അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ബൃഹത്ത് സ്ഥാപനം ലക്ഷ്യം: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം : കാശില്ലാത്തതിന്‍റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരംഭമാകും.
ജനങ്ങള്‍ക്ക് നല്ല ചികിത്സയും പിന്തുണയും നല്‍കുവാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആരോഗ്യ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആശുപത്രികളില്‍ ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു.
സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലെത്തുന്നു. ആവശ്യമായ ശേഷി ഖജനാവിനില്ലാത്തതാണ് കിഫ്ബിയിലൂടെ പണം കണ്ടെത്തിയത്. കിഫ്ബി വഴി 2021 ആയപ്പോയേക്കും ലക്ഷ്യം വച്ചതിനെക്കാള്‍ കൂടുതല്‍ കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല വികസനത്തിന്‍റെ ഭാഗമായി സാധ്യമാക്കാനായി. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലങ്ങള്‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഏറെ സഹായിച്ചു.
ആശുപത്രികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അക്രമം നടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കാണുന്നുണ്ട്. ഇതംഗീകരിക്കാന്‍ കഴിയില്ല. പരാതിയുണ്ടെങ്കില്‍ ഭരണകൂടം അത് ഗൗരവമായി പരിശോധിക്കുന്നതാണ്.സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും മികച്ച ചികിത്സ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് സര്‍ക്കാര്‍ സവിശേഷ പ്രാധാന്യമാണ് നല്‍കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന് 100 എംബിബിഎസ് സീറ്റിന് അനുമതി ലഭ്യമായതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *