അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കും : മന്ത്രി

Latest News

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്.അവയവദാനം ശക്തിപ്പെടുത്തുന്നതിനു വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ജീവിച്ചിരിക്കുമ്ബോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴില്‍ കൊണ്ടുവരും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.ഓരോരുത്തരുടെയും ഉത്തരവാദിത്വം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും.
ഇതു സംബന്ധിച്ച് രൂപവത്കരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം.അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷവും തുടര്‍ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.ഓരോ മെഡിക്കല്‍ കോളേജും കൃത്യമായ അവലോകനയോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഒരുസംഘംതന്നെ അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മറ്റൊരു സംഘത്തെക്കൂടി സജ്ജമാക്കി നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ.സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *