അഴീക്കോട്: അഴീക്കലില്‍നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകടത്തുന്ന ‘ഉരു’ സര്‍വിസ് ഉടന്‍ പുനരാരംഭിക്കും.ഇതുസംബന്ധിച്ച് മാരിടൈം ബോര്‍ഡ്, തുറമുഖ വകുപ്പ് മേധാവികള്‍ ഇതിനകം ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ 2017ലാണ് ചരക്ക് ‘ഉരു’ അഴീക്കലില്‍ വന്നത്.അന്ന് കല്‍പേനിയില്‍ കെട്ടിട നിര്‍മാണത്തിനുള്ള സാധനങ്ങളുമായാണ് പോയത്. രണ്ടാഴ്ചയില്‍ ഒരുതവണ എന്ന തോതില്‍ ചരക്ക് സര്‍വിസ് നടപടിയാണെടുത്തുവരുന്നത്. കപ്പല്‍ വരാത്ത സാഹചര്യത്തില്‍ ഉരുവില്‍ കയറ്റാവുന്ന ചരക്കുകള്‍ അഴീക്കലിലെത്തിക്കാനും ആലോചിച്ചുവരുന്നു. കോഴിക്കോട്-ബേപ്പൂര്‍-അഴീക്കല്‍ ചരക്ക് കടത്തുമായി ബന്ധപ്പെട്ട് ഈ മാസത്തോടെ ഉരുയാത്ര ഷെഡ്യൂളില്‍ തീരുമാനമാവുമെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. കടല്‍വഴി ചരക്കുഗതാഗതം സാധ്യമാക്കാനുള്ള സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് ഉരു സര്‍വിസ് പുനരാരംഭിക്കുന്നത്.1974 മുതല്‍ മാസത്തില്‍ പത്തുതവണ ലക്ഷദ്വീപ്-അഴീക്കല്‍, അഴീക്കല്‍-മുംബൈ എന്നിവിടങ്ങളില്‍ വളപട്ടണം മരവ്യവസായ ശാലകളിലെ മരങ്ങള്‍ ഈര്‍ന്ന് ഉരുവില്‍ കടത്തിയിരുന്നു.
ലോറി ഗതാഗതം സക്രിയമായതോടെ ഉരുവഴിയുള്ള ചരക്കുകടത്ത് കുറഞ്ഞു. വര്‍ഷത്തില്‍ 100 ഉരു വന്ന അഴീക്കലില്‍ 1994ഓടെ 74 ആയി കുറഞ്ഞു. 2001-2002ല്‍ 11 ഉരുവില്‍ കയറ്റിയയച്ചത് 25 മെട്രിക് ടണ്‍ ചരക്ക് മാത്രമാണ്. മരത്തിനുപുറമെ ജില്ലി, സിമന്‍റ് എന്നിവയും ഇവിടെനിന്നും കയറ്റിയയച്ചിരുന്നു.2014 ഒക്ടോബറിലാണ് ചരക്കുകപ്പല്‍ അഴീക്കലില്‍നിന്ന് ആദ്യമായി ആരംഭിച്ചത്. 2015 മാര്‍ച്ച് വരെ 10 കപ്പലുകള്‍ അഴീക്കല്‍ – കൊച്ചി തുറമുഖ സര്‍വിസ് നടത്തിയിരുന്നു. പിന്നെ കപ്പല്‍ചാലില്‍ മണ്ണുവന്ന് നിറഞ്ഞതുകാരണം സര്‍വിസ് നിര്‍ത്തിവെക്കേണ്ടിവന്നു.2021 ജൂണില്‍ സര്‍വിസ് പുനരാരംഭിച്ചു. 2022 ഫെബ്രുവരി വരെ വീണ്ടും 10 തവണ കൊച്ചി-ബേപ്പൂര്‍-അഴീക്കല്‍ സര്‍വിസ് നടത്തിയതായിരുന്നു. പക്ഷേ, കപ്പല്‍ ഏജന്‍സികള്‍ക്ക് ലാഭകരമല്ലാത്തതിനാലും സര്‍വിസ് നടത്തിയതിന് തുക മാരിടൈം ബോര്‍ഡില്‍നിന്നും, തുറമുഖ വകുപ്പ് മുഖേന കിട്ടാത്ത അവസ്ഥയിലും അവര്‍ സര്‍വിസ് അവസാനിപ്പിച്ചു.