അഴീക്കലില്‍ നിന്നു ചരക്കുകപ്പല്‍ സര്‍വീസ് തുടങ്ങി

India Kerala

കണ്ണൂര്‍: ഉത്തരമലബാറിന്‍റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്ര തിരിച്ചു. തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്‍റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
മലേഷ്യയിലേക്കുള്ള വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്‍റെ എട്ടെണ്ണം ഉള്‍പ്പെടെ ഒമ്പത് കണ്ടെയ്നറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ കപ്പലാണ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. അഴീക്കലില്‍നിന്ന് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിച്ചതോടെ നാടിന്‍റെ വികസനത്തില്‍ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.
അഴീക്കല്‍ തുറമുഖത്തേക്ക് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രകമ്ബനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
തിരക്കേറിയ റോഡിലൂടെയുള്ള കണ്ടെയ്നര്‍ ലോറികളില്‍ ചരക്കുകള്‍ കൊണ്ടുവരുന്നതിനു പകരം കപ്പല്‍ സര്‍വീസ് ആരംഭിച്ചതോടെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചരക്കുനീക്കം എളുപ്പവും ചെലവുകുറഞ്ഞതുമാവും.
ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാനായാല്‍ അതിന്‍റെ ഗുണഫലം ഉപഭോക്താക്കള്‍ക്കും ലഭിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന തുറമുഖ വികസനത്തിനായുള്ള ഭൂമിഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മുന്‍കൈ എടുത്ത കെ.വി. സുമേഷ് എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.
കേരള തീരത്ത് ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള മാരിടൈം ബോര്‍ഡിന്‍റെ പദ്ധതിയുടെ ഭാഗമായാണ് റൗണ്ട് ദി കോസ്റ്റ് കമ്ബനിയുടെ ഹോപ് സെവന്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.
ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഹോപ് സെവന്‍ നടത്തുക. ഏഴിന് അടുത്ത സര്‍വീസ് നടത്തും.
എംഎല്‍എമാരായ കെ.വി. സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ടി സരള, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. താഹിറ, വാര്‍ഡ് മെംബര്‍ കെ.സി. ഷദീറ, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു, അംഗങ്ങളായ മണിലാല്‍, എം. കെ. ഉത്തമന്‍, സിഇഒ ടി.പി. സലീം കുമാര്‍, മുന്‍ എംഎല്‍എ എം. പ്രകാശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായവ്യപാര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *