അഴിമതിയ് ക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സച്ചിന്‍ പൈലറ്റ്

Latest News

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു.അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് താന്‍ നിരാഹാര സമരം നടത്തുമെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ സച്ചിന്‍ പ്രഖ്യാപിച്ചു. വന്ധുന്ധര രാജെ നേതൃത്വം നല്‍കിയ മുന്‍ ബി ജെ പി സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ അഴിമതികള്‍ക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സച്ചിന്‍റെ ആവശ്യം.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയ്യേറ്റം, ലളിത് മോദി സത്യവാങ്മൂലക്കേസ് എന്നിവയില്‍ നടപടിയെടുക്കുന്നതില്‍ ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സച്ചിന്‍ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി വസുന്ധരെ രാജെയ്ക്കെതിരേ ഗെലോട്ട് നടത്തിയ അഴിമതി ആരോപണങ്ങളുടെ വീഡിയോകള്‍ സച്ചിന്‍ പുറത്തുവിട്ടു. ഇക്കാര്യങ്ങളില്‍ എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം നടത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി സര്‍ക്കാരിന്‍റെ അഴിമതികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പക്കല്‍ തെളിവുകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് സച്ചിന്‍ ആരോപിച്ചു. ഇത് നമ്മുടെ സര്‍ക്കാരാണ് നമ്മളെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസ്യത തുടര്‍ന്നും ഉണ്ടാകൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വാഗ്ദാനങ്ങള്‍ നിറവേറ്റാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കില്ല. അഴിമതി ആരോപണങ്ങളില്‍ തെളിവുകളുണ്ട്. അത് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണം. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം പറയേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *