ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലില്‍ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു.
മദ്യനയക്കേസില്‍ കഴിഞ്ഞദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്രജെയിനെ തിഹാര്‍ ജയിലിലടച്ചത്.
സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിസോദിയയുടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സിസോദിയ ഹര്‍ജി പിന്‍വലിക്കുകയും രാജിവയ്ക്കുകയുമായിരുന്നു.ഞായറാഴ്ച രാത്രിയാണ് സിസോദിയയെ സിബിഐ അറസ്റ്റ്ചെയ്തത്.ഡല്‍ഹി റോസ്അവന്യൂ കോടതി അദ്ദേഹത്തെ അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ധനകാര്യം, എക്സൈസ് ഉള്‍പ്പെടെ 18 വകുപ്പുകളാണ് കെജ് രിവാള്‍ മന്ത്രിസഭയില്‍ സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ രണ്ടാമനായ സിസോദിയയുടെ അറസ്റ്റ് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മെയിലാണ് ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ്ചെയ്തത്. വ്യാജകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. സത്യന്ദ്ര ജെ യിന്‍റെ കുടുംബാംഗങ്ങളും പ്രതികളാണ്. ഏഴുമാസമായി തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് സത്യേന്ദ്ര ജെയിന്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ഈ മന്ത്രിമാരുടെ അഭാവം ബാധിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് രാജി. താമസിയാതെ ഡല്‍ഹി മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും എന്നറിയുന്നു.
