കോഴിക്കോട് : വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്നലെ പുലര്‍ച്ചെ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.
തിരൂര്‍ തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം,കോട്ടയം പനച്ചിക്കാട് ക്ഷേത്രം,പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം,കോഴിക്കോട് അഴകൊടി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ക്ഷേത്രങ്ങളിലും മറ്റും പുലര്‍ച്ചെ നാലുമണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. ക്ഷേത്രപൂജാരികള്‍ക്കും എഴുത്താശാന്‍മാര്‍ക്കും പുറമേ കലാ സാംസ്കാരിക സാഹിത്യ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും ഭരണ രംഗത്തെയും പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുഞ്ഞുങ്ങളെഎഴുത്തിനിരുത്തി.
ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്തു. ദേവീക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചനയും അരങ്ങേറ്റങ്ങളും നടന്നു.
കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിലും മറ്റും ഒരുക്കിയിരുന്നത്.