മണ്ണാര്‍ക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് സുരേഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തു.തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറില്‍ നിന്നാണ് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗരമധ്യത്തില്‍ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയില്‍ ഇയാള്‍ താമസിക്കുന്ന ഒറ്റമുറിയില്‍നിന്നാണ് വന്‍തുക കണ്ടെത്തിയത്.
500ന്‍റെയും 2000ന്‍റെയും നോട്ടുകെട്ടുകള്‍ മുറിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. ഒന്നര പതിറ്റാണ്ടായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.