അറസ്റ്റിനെതിരായ കെജ്രിവാളിന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Latest News

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദാംശങ്ങള്‍ അനുസരിച്ച്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തില്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഇ.ഡി പോലുള്ള ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഉദാഹരമാണ് തനിക്കെതിരെയുള്ള കേസെന്ന് കെജ്രിവാള്‍ ആരോപിച്ചു.
ഒമ്പത് സമന്‍സ് അയച്ചിട്ടും ഹാജരാകാതെ അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയതായും അന്വേഷണം ഒഴിവാക്കാന്‍ ശ്രമിച്ചതായും ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ വന്‍തോതില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും ഇ.ഡി പറയുന്നു.അതേസമയം, ഇ.ഡി കള്ളം പറയുന്ന യന്ത്രമായി മാറിയെന്നായിരുന്നു കെജ്രിവാളിന്‍റെ അറസ്റ്റില്‍ എ.എ.പി പ്രതികരിച്ചത്. യജമാനന്മാരായ ബി.ജെ.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നുണകളുമായി വരുന്നതെന്നും എ.എ.പി ആരോപിച്ചു. മദ്യവിരുദ്ധ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ഇത് നീട്ടി. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്രിവാള്‍.

Leave a Reply

Your email address will not be published. Required fields are marked *