ദോഹ:ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദിഅറേബ്യ ചരിത്രം സൃഷ്ടിച്ചു. ലൂസെയില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആധുനിക ഫുട്ബോളിലെ മിശിഹായെന്നു വാഴ്ത്തപ്പെടുന്ന ലയണല്‍ മെസിയുടെ ടീമിനെ 2 -1 ന് തോല്‍പ്പിച്ചാണ് സൗദി ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരെ ഞെട്ടിച്ചത്. ഈ ലോകകപ്പിലെ അര്‍ജന്റീനയുടെയും സൗദിയുടെയും ആദ്യമത്സരമായിരുന്നു ഇത്.കളി തുടങ്ങി പത്താം മിനിറ്റില്‍ പെനാല്‍ട്ടി യില്‍ നിന്ന് മെസി നേടിയ ഗോളിന് 48 മിനുട്ടുവരെ ലീഡ് ചെയ്തതിനുശേഷമായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. 48 -ാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ അല്‍ഷെഹ് രി സൗദിയെ സമനിലയില്‍ എത്തിച്ചു.അഞ്ചുമിനിറ്റിനകം തന്നെ അര്‍ജന്റീനയുടെ ഗോള്‍വല വീണ്ടും ചലിച്ചതോടെ അര്‍ജന്റീന ആരാധകര്‍ അമ്പരന്നു. അല്‍ദോസരിയുടെ കിടിലന്‍ ഷോട്ട് ഡിഫന്‍ഡര്‍മാരെയും ഗോള്‍ കീപ്പറെയും മറികടന്ന് ഗോള്‍വല ചലിച്ചപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ഞെട്ടലില്‍ മെസിയുടെ അര്‍ജന്റീന.മത്സരത്തിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീനക്കായിരുന്നു ആധിപത്യം. മെസിയും ലൗറ്റാരോ മാര്‍ട്ടിനസും നിരന്തരം സൗദി ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. ഏയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍ മുന്‍തൂക്കം അര്‍ജന്റീനക്കായി.
പത്താം മിനിറ്റില്‍ പരേഡസിനെ അല്‍ ബുലാഹി ബോക്സില്‍ വീഴ്ത്തിയപ്പോള്‍ വാര് പരിശോധനക്കു ശേഷം റഫറി അര്‍ജന്റീനക്ക് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.സൗദി ഗോളി അല്‍ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി പന്ത് വലയിലിട്ടു. അര്‍ജന്റീന മുന്നില്‍.22-ാം മിനുറ്റില്‍ മെസി രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28-ാം മിനുറ്റിലും അര്‍ജന്റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളും ഓഫ്സൈഡില്‍ കുരുങ്ങി.35-ാം മിനുറ്റിലും മാര്‍ട്ടിനസ് ഓഫ്സൈഡായി.എന്നാല്‍ രണ്ടാംപകുതില്‍ കളി മാറി. വീര്യത്തോടെ ആഞ്ഞടിക്കുന്ന സൗദി താരങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. അര്‍ജന്റീനയുടെ പ്രതിരോധനിരയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 48-ാം മിനിറ്റില്‍ അല്‍ഷെഹ്രിയും 53-ാം മിനുറ്റില്‍ അല്‍ ദോസരിയും ഈ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് കാരണക്കാരായി. അവസാന നിമിഷങ്ങളില്‍ അര്‍ജന്റീന ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.രണ്ടാം പകുതിയില്‍ മധ്യനിര ദുര്‍ബലമായതാണ് അര്‍ജന്റീനയുടെ തോല്‍വിക്കിടയാക്കിയത്. കോച്ച് സ്കലോണിയുടെ പല തന്ത്രങ്ങളും പാളി.രണ്ടാം പകുതിയില്‍ തനതായ കേളീശൈലിയില്നിന്നും മാറി യൂറോപ്യന്‍ ടീമുകളുടെ പവര്‍ഗെയിം അനുകരിക്കാന്‍ സ്കലോണി ശ്രമിച്ചൊ എന്ന സംശയം ആരാധകര്‍ക്കുണ്ട്.അര്‍ജന്റീനക്കെതിരെ സൗദി നേടുന്ന ആദ്യ വിജയവും ലോകകപ്പ് ചരിത്രത്തില്‍ സൗദിയുടെ നാലാമത്തെ വിജയവും ആണിത്.ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ അടക്കം കഴിഞ്ഞ 36 മത്സരങ്ങളില്‍ പരാജയമെന്തെന്നറിയാതെ മുന്നേറിയിരുന്ന അര്‍ജന്റീനയുടെ വിജയക്കുതിപ്പിനാണ് സൗദി തടയിട്ടത്.ആഹ്ലാദനിറവിലാണ് സൗദി അറേബ്യ. ഖത്തര്‍ ലോകകപ്പില്‍ ലോക ഫുട്ബോളിലെ വമ്പന്മാരെ അട്ടിമറിച്ച് തുടങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലും ആഘോഷത്തിലാണ് സൗദിജനത.
