അരിക്കൊമ്പന്‍ ദൗത്യം: കുങ്കിയാനകളെ 301 കോളനിയിലേക്ക് മാറ്റി

Top News

അടിമാലി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കുങ്കിയാനകളുടെ താവളം വനം വകുപ്പ് മാറ്റി.ചിന്നക്കനാല്‍ സിമന്‍റ് പാലത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെ 301 കോളനിക്ക് സമീപത്താണ് നാല് കുങ്കിയാനക്കും താല്‍ക്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
സിമന്‍റ് പാലത്തെ ക്യാമ്പില്‍ കുങ്കിയാനകളെ കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വനം വകുപ്പിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സിമന്‍റ് പാലത്ത് താല്‍ക്കാലിക ക്യാമ്പിന് ഭൂമി വിട്ടുനല്‍കിയ എസ്റ്റേറ്റ് മാനേജ്മെന്‍റിന്‍റെ ആവശ്യംകൂടി പരിഗണിച്ചാണ് 301 കോളനിയിലേക്ക് മാറ്റിയത്. കോളനിയില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകള്‍ക്കും ആനയിറങ്കല്‍ ജലാശയത്തിനും സമീപമാണ് ക്യാമ്പ്. കുങ്കിയാനകളുടെ പാപ്പാന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ വീടുകളിലാണ് താമസസൗകര്യം.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് നാല് കുങ്കിയാനകള്‍ ഇടുക്കിയിലെത്തിയിട്ട് ആഴ്ചകളായി. ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരും ചിന്നക്കനാല്‍ സിമന്‍റ് പാലത്തെ ക്യാമ്പിലുണ്ട്. സ്വകാര്യ എസ്റ്റേറ്റിനോടനുബന്ധിച്ചാണ് താല്‍ക്കാലിക ക്യാമ്പ് ഒരുക്കിയിരുന്നത്. അരിക്കൊമ്പന്‍ ദൗത്യം നീളുന്നത് എസ്റ്റേറ്റിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതോടെയാണ് ക്യാമ്പ് മാറ്റാന്‍ വനം വകുപ്പ് നീക്കം തുടങ്ങിയത്.
ആനകളെ കാണാന്‍ സന്ദര്‍ശകരേറിയതും ക്യാമ്പിന് സമീപം അരിക്കൊമ്പനുള്‍പ്പെടെ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതും പുതിയ സ്ഥലം കണ്ടെത്താന്‍ കാരണമാണ്. സന്ദര്‍ശകരെത്താത്ത വിധം ഉള്‍പ്രദേശത്താണ് പുതിയ ക്യാമ്പ്. അതേസമയം, ദൗത്യം നീളുന്നത് വനം വകുപ്പിന് വന്‍ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കി. കുങ്കിയാനകള്‍ക്കും ദൗത്യ സംഘത്തിനുമായി ഇതുവരെ പത്തുലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *