ഇടുക്കി: ഇടുക്കിയില്‍ ജനവാസ കേന്ദ്രങ്ങളെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ സംസ്ഥാന വനം വകുപ്പിന് കൈമാറാന്‍ നിര്‍ദേശം.കേരളത്തില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അസമിലെത്തി കോളര്‍ കൈപ്പറ്റും. അസം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ജിപിഎസ് കോളര്‍ സംസ്ഥാന വനംവകുപ്പിന് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി ലഭിച്ചാല്‍ നാളത്തന്നെ ഉദ്യോഗസ്ഥര്‍ അസമിലേക്ക് പുറപ്പെടും. കോളര്‍ സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ എത്തിക്കാനാണ് സാധ്യത. അതിന് ശേഷമായിരിക്കും മോക്ക് ഡ്രില്‍, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതികള്‍ തീരുമാനിക്കുക.
അതേസമയം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നത് പോലെയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.