കുമളി : ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോര്‍ട്ട്. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് വിവരം. തുടര്‍ന്ന് മേദകാനം ഭാഗത്തേക്കു മടങ്ങിയെന്നാണ് വിവരം. അരിക്കൊമ്പനില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിഎച്ച്എഫ് ആന്‍റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.
തമിഴ്നാടിന്‍റെ വനമേഖലയില്‍ ഉള്‍പ്പെടെ അരിക്കൊമ്പന്‍ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്‍റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
അരിക്കൊമ്പന്‍റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല.