തിരുവനന്തപുരം: അരിക്കൊമ്പന്‍ എവിടെയാണെന്ന് നിരീക്ഷിക്കാനുള്ള സിഗ്നലില്‍ തടസമെന്ന് തമിഴ്നാട് വനംവകുപ്പ്. റേഡിയോകോളര്‍ സംവിധാനം പ്രവര്‍ത്തിക്കാത്തത് നിബിഡ വനത്തില്‍ ആന ഉള്ളതുകൊണ്ടാകാം എന്നാണ് അനുമാനം.
അതിനിടെ ആനയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്നവരില്‍ നിന്ന് കുറച്ചു പേരെ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. സിഗ്നല്‍ നിരീക്ഷണത്തിനു ശേഷമാകും ഇനി ഇവരെ വിന്യസിക്കുക. ആന കേരള അതിര്‍ത്തി കടന്നതിനാലാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും ആരോപണമുണ്ട്.
കേരളാ വനംവകുപ്പ് ഇവിടെ നിരീക്ഷണം തുടരുന്നുണ്ട്. തലസ്ഥാനത്തേക്ക് കൊണ്ടുവന്ന ആന്‍റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. ആന കടന്നുവരാന്‍ സാധ്യതയുള്ള വരയാട്ടുമുടി, വെണ്‍കുളംമേട്, ആനനിരത്തി എന്നീ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളില്‍ വനപാലകരെ നിയോഗിക്കുകയും ചെയ്തു.
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളത്.അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നതിന് തെളിവായി ദൃശ്യങ്ങളും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. തമിഴ്നാട് വനം-പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.