. മദ്യനയ കേസില്‍ ഇഡിയാണ് അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി : വിവാദമായ മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യല്‍.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേജ്രിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ വീട്ടിലെത്തിയത്. ഇതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. കേജ്രിവാളിനെ ഡല്‍ഹിക്കാര്‍ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കും. നിശബ്ദരായിരിക്കില്ല. അതിഷി പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇഡി ഇതുവരെ അരവിന്ദ് കേജ്രിവാളിന് അയച്ചത്. എന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയകേസിന്‍റെ കുറ്റപത്രത്തില്‍ പലതവണ കേജ്രിവാളിന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം.