ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേജ്രിവാളിനെ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്.സി.ബി.ഐ സമര്‍പ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കേജ്രിവാളിന് ഇനി പുറത്തിറങ്ങാനാവൂ. എഎപി സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുന്‍പ്, മദ്യനയത്തിലെ വിവരങ്ങള്‍ സ്വകാര്യ മദ്യക്കമ്പനികളില്‍ പലരും അറിഞ്ഞു എന്നത് വലിയൊരു കോഴ ഇടപാടിന്‍റെ ഭാഗമാണെന്ന് സി.ബി.ഐ പറയുന്നു. കേസിലെ മാപ്പുസാക്ഷിയും മുന്‍ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികള്‍ കേജ്രിവാളിനെതിരാണ്. പുതിയ മദ്യനയം എന്തായിരിക്കുമെന്ന് നേരത്തേതന്നെ സ്വകാര്യ കമ്പനി ഗ്രൂപ്പിലെ പ്രതിനിധികള്‍ അറിയുകയും 100 കോടി കോഴ നല്‍കുകയും ചെയ്തു എന്നും സി.ബി.ഐ അഭിഭാഷകന്‍ റോസ് അവന്യൂ കോടതിയെ അറിയിച്ചു.