ന്യൂഡല്‍ഹി : ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും നടത്തിയതിന് ശേഷമാണ് ജയിലിലേക്ക് മടങ്ങിയത്. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂണ്‍ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയില്‍ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എന്‍റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാള്‍ കീഴടങ്ങുന്നത്. മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇതോടെയാണ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങുന്നത്.
