അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്ക്. മൂന്ന് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ആദ്യദിനം രാമക്ഷേത്രത്തിലെത്തിയതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രതിഷ്ഠാ ദിനത്തില്‍ പൊതുജനത്തിന് പ്രവേശനമുണ്ടായിരുന്നില്ല. ഇന്നലെ മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്. ക്ഷേത്രം തുറന്ന് ആദ്യ ദിനം തന്നെ ഭക്തരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ ദിനം രാംലല്ല ദര്‍ശനം നടത്താന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.