ആലപ്പുഴ:ദേശീയ പാതയില്‍ അമ്പലപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു.തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാല്‍,സുധീഷ് ലാലിന്‍റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്‍റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയയ്ക്കാനായി നെടുമങ്ങാട് ആനാട് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം പായല്‍ക്കുളങ്ങരയിലായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ട് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കും കാര്യമായ കേടുപാടുണ്ടായി.