വാഷിംഗ്ടണ്‍: അമേരിക്കയില്‍ തനിക്ക് ലഭിച്ച സ്വീകരണം 140 കോടി ഇന്ത്യാക്കാര്‍ക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും വൈറ്റ് ഹൗസില്‍ ജനങ്ങളെ സംബോധന ചെയ്യുകയായിരുന്നു. സൗഹൃദത്തിന് ബൈഡന് മോദി നന്ദി പറയുകയും ചെയ്തു.
യുഎസിലെ ഇന്ത്യന്‍ വംശജരായ നാല് ദശലക്ഷത്തിലധികം ആളുകള്‍ക്കുള്ള ബഹുമതി കൂടിയാണിത്. ഈ ബഹുമതിക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു- മോദി പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയായതിന് ശേഷം താന്‍ പലതവണ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇത്രയും അധികം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിനായി വൈറ്റ് ഹൗസിന്‍റെ വാതില്‍ തുറക്കുന്നത് ഇതാദ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമൂഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം നിലനിര്‍ത്തുന്നതിനുള്ള പാലമായി നിലകൊള്ളും.
കോവിഡിന് ശേഷമുള്ള ലോകക്രമത്തെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും. ലോക സമാധാനത്തിനും ലോകനന്മയ്ക്കും സുസ്ഥിരതയ്ക്കും പുരോഗതിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിയേകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വംശജയായ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ജീവിതം അടക്കം പരാമര്‍ശിച്ചായിരുന്നു ബൈഡന്‍ സംസാരിച്ചത്.
അമേരിക്കയുടെ വളര്‍ച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ – അമേരിക്ക ബന്ധത്തിന്‍റെ സാധ്യതകള്‍ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങള്‍, രണ്ട് ഉറ്റസുഹൃത്തുക്കള്‍, രണ്ട് ലോക ശക്തികള്‍, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്‍റെ ഗതി നിര്‍ണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.