മേരിലന്‍ഡ്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍ പെട്ടത്. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ പാലത്തിന്‍റെ തൂണുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണു. എഴുപരെ കാണാതായി എന്നാണ് വിവരം.
കപ്പലിന് ചുറ്റുമുള്ള ജലത്തില്‍ വലിയ അളവില്‍ ഡീസല്‍ കലര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. കപ്പലിടിച്ച് പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാള്‍ട്ടിമോര്‍ മേയര്‍ ബ്രാന്‍ഡണ്‍ സ്കൂട്ട്, ബാള്‍ട്ടിമോര്‍ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഒല്‍സെവ്സ്കി എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഒല്‍സെവ്സ്കി എക്സിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. പറ്റാപ്സ്കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ നാലുവരിയാണ് പാലം.