അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Top News

വാഷിങ്ടണ്‍: യു.എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി പൊതുകടത്തില്‍ വന്‍ വര്‍ധനവ്.യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം പൊതുകടം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ രീതിയില്‍ കടമെടുത്തതാണ് യു.എസിന് വിനയായത്. 2019ല്‍ ഏഴ് ട്രില്യണുണ്ടായിരുന്ന പൊതുകടമാണ് 30 ആയി വര്‍ധിച്ചത്.യു.എസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച് സാമ്പത്തികശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. എങ്കിലും ഇനിയും കടം വാങ്ങേണ്ട സാഹചര്യമുള്ളതിനാല്‍ ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
2015ന് ശേഷം ഇതാദ്യമായാണ് ഫെഡറല്‍ ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. യു.എസ് കേന്ദ്രബാങ്കിന്‍റെ നടപടി വിപണിയില്‍ നിന്നുള്ള കടമെടുപ്പ് കൂടുതല്‍ ചെലവേറിയതാക്കി മാറ്റുമെന്നും ആശങ്കയുണ്ട്.
ഇതൊരു ഹ്രസ്വകാലത്തേക്കുള്ള പ്രതിസന്ധിയല്ല. ദീര്‍ഘകാലത്തേക്ക് ഇത് യു.എസിനെ കൂടുതല്‍ ദരിദ്രമാക്കുമെന്ന് ജെ.പി മോര്‍ഗന്‍ അസറ്റ്മാനേജ്മെന്‍റ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റ് ഡേവിഡ് കെല്ലി പറഞ്ഞു. പലിശ ചെലവ് ഉയരുന്നതും യു.എസ് സമ്ബദ്വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *