ന്യൂഡല്‍ഹി: യുക്രെയിനില്‍ റഷ്യ നടത്തുന്ന കടന്നാക്രമണത്തിന്‍റെ പേരില്‍ റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മില്‍ പോര് കടുത്ത സാഹചര്യത്തില്‍ അമേരിക്കയെയും ജപ്പാനെയും തള്ളി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതീകാത്മക നീക്കം.
റഷ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ബൈകോണൂരിലെ കൂറ്റന്‍ റോക്കറ്റില്‍ പതിപ്പിച്ചിരുന്ന അമേരിക്കയുടെയും ജപ്പാന്‍റെയും പതാകകളാണ് റഷ്യന്‍ ഏജന്‍സി നീക്കിയത്. അതേസമയം, ഇന്ത്യയുടെ പതാക അവിടെ നിലനിര്‍ത്തിയിട്ടുണ്ട്.നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷനി(നാറ്റോ)ല്‍ ചേരാനുള്ള കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രമായ യുക്രെയിനിന്‍റെ നീക്കമാണ് റഷ്യന്‍ കടന്നാക്രമണത്തിനും രാജ്യങ്ങളുടെ ചേരിതിരിവിനും കാരണമായിട്ടുള്ളത്.യുക്രെയ്ന്‍ ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് റഷ്യയും ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നു ധ്വനിപ്പിച്ചുകൊണ്ട് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസിന്‍റെ പ്രതീകാത്മക നീക്കം.റഷ്യയുടെ കടന്നാക്രമണത്തിനെതിരേ നാറ്റോ അംഗ രാജ്യങ്ങളായ യുഎസ് ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നിവയും യുഎസുമായി സൗഹൃദമുള്ള ജപ്പാന്‍ പോലുള്ള രാജ്യങ്ങളും റഷ്യയ്ക്കെതിരേ കടുത്ത ഉപരോധവും ബഹിഷ്കരണവും പ്രഖ്യാപിച്ചിരുന്നു. റഷ്യയെ കായിക രംഗത്തുനിന്നും ബഹിഷ്കരിച്ചു. ഇതോടെയാണ് റഷ്യയും നാറ്റോ സൗഹൃദരാജ്യങ്ങളും തമ്മില്‍ പോരു മുറുകിയത്.
ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ മനോഹരമായി കാണപ്പെടുമെന്നു ബൈകോണൂരിലെ ലോഞ്ചറുകള്‍ തീരുമാനിച്ചു റോസ്കോസ്മോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി ഒലെഗോവിച്ച് റോഗോസിന്‍ ട്വീറ്റ് ചെയ്തു.